ആനക്കൂടന്‍

Monday, April 9, 2007

അ പോയ അരവിയും അഞ്ചുസെന്‍റും

Filed under: Uncategorized — ആനക്കൂടന്‍ @ 7:09 pm

അന്തോണി മാത്യു എന്ന അരവി നടാഷെ ആദ്യമായി കമ്പ്യൂട്ടറിന് മുന്നില്‍ ഇരിക്കുന്നത് പത്താമത്തെ വയസിലാണ്. അന്നാണ് അയാള്‍ക്ക് അമ്മച്ചിയെ നഷ്ടപ്പെടുന്നത്. അതുവരെ അമ്മച്ചിയുടെ പിന്നാലെ പലതിനും കെറുവിച്ചു നടന്ന ഒരു അമ്മക്കുട്ടി ആയിരുന്നു അന്തോണി.

അമ്മച്ചിയുടെ അടക്കം കഴിഞ്ഞ് തിരിച്ചെത്തി ഒരു മൂലയില്‍ കൂനിക്കൂടി ഇരുന്ന അന്തോണിയെ അപ്പന്‍ മാത്യു കമ്പ്യൂട്ടറിന് മുന്നില്‍ എടുത്തിരുത്തുകയാണ് ഉണ്ടായത്. മൌസിന്‍റെ അനക്കങ്ങള്‍ക്കൊത്ത് കഴ്സറിന്‍റെ കുന്തമുന അനങ്ങുന്നതും ചിലയിടങ്ങളില്‍ എത്തുമ്പോള്‍ ചൂണ്ടു വിരല്‍ നീണ്ട, മടക്കിയ ഒരു കൈപ്പത്തി ദൃശ്യമാവുന്നതും അന്തോണിക്ക് ആദ്യം കൌതുകമായിരുന്നു.

ഒരു കുന്തമുനയുടെ ചലനങ്ങളിലൂടെ ലോകത്തിന്‍റെ സ്പന്ദനങ്ങള്‍ അയാള്‍ അറിഞ്ഞുതുടങ്ങുകയായിരുന്നു. ലോകത്തിന്‍റെ സ്പന്ദനം ഈ കുന്തമുനയിലും അതില്‍ തെളിയുന്ന ചൂണ്ടുവിരല്‍ നീണ്ട ചുരുട്ടിയ കൈപ്പത്തിയിലുമാണെന്ന് അയാള്‍ സ്വയമേവ ചിന്തിച്ചു.

ഇരുപതാം വയസ് ആയപ്പോഴേക്കും അയാളുടെ തലച്ചോറിന്‍റെ ഒരു ഭാഗത്ത് എട്ടുകാലികള്‍ വലനെയ്തിരുന്നു. അരവി നടാഷെയായി അയാള്‍ ഭൂലോകത്തിന്‍റെ അറ്റങ്ങളിലേക്ക് ഒരുണ്ടുരുണ്ടു നീങ്ങി.

അരവി നടാഷെ എന്ന പേര്‍ അയാളുടെ അച്ഛനും അമ്മയും ഇട്ടതാണെന്ന് വായനക്കാരാ നിങ്ങള്‍ കരുതരുത്. പേരിന് എന്തോ പോരായ്മ തോന്നിയപ്പോള്‍ ദിവസങ്ങളോളം ആലോചിക്കുകയും അപ്പനെയും അമ്മച്ചിയേയും ഉച്ചത്തില്‍ ചീത്ത വിളിക്കുകയും ചെയ്ത് ഒടുവില്‍ ഏതോ ഉറക്കത്തില്‍ നിന്ന് പെട്ടെന്ന് ഉണ്ടായ ഉണര്‍ച്ചയില്‍ അയാള്‍ക്ക് ഉണ്ടായ ഉള്‍വിളിയായിരുന്നു അത്. ഏഴു സെന്‍റ് സ്ഥലം വലക്കണ്ണികള്‍ക്കിടയില്‍ സ്വന്തമാക്കിയിരുന്നതിനാല്‍ അത് അയാള്‍ക്ക് ആവശ്യമായിരുന്നു താനും. ചില മറകള്‍ അനിവാര്യമാണെന്ന് അതിവേഗം അയാള്‍ പഠിച്ചു എന്നതാണ് സത്യം.

അന്തോണി മാത്യുവില്‍ നിന്നും അരവി നടാഷെയിലേക്ക് കൂടുമാറ്റം നടത്തിയതിന്ന് ശേഷമായിരുന്നു അയാളുടെ ജീവിതം മാറി മറിഞ്ഞത്. അയാളുടെ മുറിക്കുള്ളില്‍ നിന്ന് ഇടയ്ക്കിടെ ഉയര്‍ന്നു കേട്ട അലര്‍ച്ചയും പൊട്ടിച്ചിരിയുമായിരുന്നു ആ ദിനങ്ങളില്‍ അയാളുടെ സാന്നിധ്യത്തിന്‍റെ ഏകതെളിവ്. കുടുംബം വക റബര്‍ എസ്റ്റേറ്റില്‍ നിന്ന് കിട്ടുന്ന വരുമാനം തീന്മേശയില്‍ പങ്കിട്ടെടുക്കാന്‍ മാത്രമേ അരവി പുറത്തു വന്നുള്ളൂ. കാര്യസ്ഥന്‍ കുര്യാക്കോസ് പണിക്കാരെ കൊണ്ട് ജോലിചെയ്യിപ്പിക്കുകയും അരവി ഉണ്ണുകയും കൊച്ചു മുറിക്കുള്ളിലിരുന്ന് ലോകസഞ്ചാരം നടത്തുകയും ചെയ്തു. ഇതിനിടയില്‍ അപ്പന്‍ മാത്യു ഒരു പള്ളിമണിയുടെ കൂട്ടമുഴക്കത്തിലൂടെ അദൃശ്യനായത് അയാള്‍ അറിഞ്ഞിരുന്നില്ല.

തന്‍റെ നാടായ കുടുക്കാഞ്ചിറയെ മാത്രം അയാള്‍ ഇടയ്ക്കിടെ ഓര്‍ത്തു. അയാള്‍ പുഴയെ അറിഞ്ഞത്, മലകളെയും പൂക്കളെയും അറിഞ്ഞത്, കുടുക്കാഞ്ചിറയിലെ മലഞ്ചെരുവുകളും പാലവും വളവുകളും എല്ലാം അറിഞ്ഞത് മുന്നിലെ സ്ക്രീനിലാണ്. അപ്പന്‍ കാണിച്ചു തന്നതെല്ലാം മിഥ്യയാണെന്നും മുന്നില്‍ കാണുന്ന ഇതെല്ലാമാണ് സത്യമെന്നും അരവി നടാഷെ ബലമായി വിശ്വസിച്ചു.

ഉട്ടോപ്പിയയിലെ ഭൂകമ്പത്തെ കുറിച്ചും, സാമ്പത്തിക വല്‍ക്കരണത്തെ കുറിച്ചും കവിതാ ചര്‍ച്ചയിലുമെല്ലാം അയാള്‍ സജീവമായി. അരവിയുടെ വിരലുകള്‍ക്ക് വിശ്രമമില്ലാതായി. വലക്കണ്ണികള്‍ വളര്‍ന്നു. അവയുടെ നേര്‍ത്തകണ്ണികളില്‍ അയാള്‍ പറ്റിപ്പിടിച്ചു കിടന്നു. അയാള്‍ക്ക് കാമുകിമാരുണ്ടായി, അനുയായികളുണ്ടായി. അവര്‍ അയാള്‍ക്ക് വേണ്ടി ഇടയ്ക്കിടെ മുദ്രാവാക്യം വിളിക്കുകയും സ്വയം അമര്‍ത്തി ചിരിക്കുകയും ചെയ്തു. കവികളും കാഥികരും അയാളെ രസിപ്പിച്ചു. അയാള്‍ ലോഭമില്ലാതെ അവരെ പുകഴ്ത്തുകയും ചെയ്തു.

കുടുക്കാഞ്ചിറയിലെ പലചരക്ക് കടക്കാരനോടും മലഞ്ചരക്ക് വ്യാപാരിയോടും മുറുക്കാന്‍ കടക്കാരനോടും അയാള്‍ തന്‍റെ ഏഴു സെന്‍റ് പുരയിടത്തിലിരുന്ന് സല്ലപിച്ചു. കുടുക്കാഞ്ചിറയുടെ പ്രകൃതി ആകെ മാറി മറിയുന്നത് അയാള്‍ അങ്ങനെയാണ് മനസിലാക്കിയിരുന്നത്.

അയാളുടെ പെണ്ണ് വലക്കണ്ണികള്‍ക്കിടയില്‍ നിന്ന് അയാളിലേക്ക് ഇറങ്ങി വരികയായിരുന്നു. പല സമയങ്ങളില്‍ അയാള്‍ അവളെ പല പേരില്‍ വിളിച്ചു. ചിലപ്പോള്‍ സ്വബോധം തന്നെ നഷ്ടപ്പെട്ടവനെപോലെയായി അരവി. ഏഴ് സെന്റ് പുരയിടത്തില്‍ അയാള്‍ ഇങ്ങനെ എഴുതിവച്ചിരുന്നു, ഞാന്‍  ജീവിതം വലയില്‍ സെര്‍ച്ച് ചെയ്ത് അറിഞ്ഞവന്‍. അപ്പന്‍ സമ്പാദിച്ചിട്ട ഭൂമിയില്‍ കാര്യസ്ഥന്‍ കുര്യാക്കോസ് വിതയ്ക്കുകയും അരവി ഉണ്ണുകയും ചെയ്തു പോന്ന പതിവ് ദിവസങ്ങളില്‍ ഒന്നിലാണ് ആ ദുരന്തം ഉണ്ടായത്.

ഏഴുസെന്‍റിനുമുന്നില്‍ അയാള്‍ തരിച്ചിരുന്നു. അയാളുടെ മുഖത്തെ ചോര വാര്‍ന്നു പോയിരുന്നു. അയാള്‍ ഭ്രാന്തു പിടിച്ചവനെ പോലെ അലറുകയും പിച്ചും പേയും പറയുകയും ചെയ്തു.

ഏഴു സെന്റിന്റെ ഉടമയായ അരവിയ്ക്ക് ‘അ‘ നഷ്ടമായിരിക്കുന്നു. ‘അ‘ പോയ അരവി വെറും രവി നടാഷെയായി. ഈ ലോകത്തെ നൂറു കണക്കിന് രവികളില്‍ ഒരാളായി അയാള്‍ മാറിപ്പോയി. വന്നവര്‍ വന്നവര്‍ വാര്‍ത്ത കേട്ട് അമ്പരക്കുകയും നടുക്കവും പ്രതിഷേധവും രേഖപ്പെടുത്തുകയും ചെയ്തു. അ പോയത് അത്ര നിസാരമായി തള്ളാവുന്നതാണോ അ പോയ രവീ, എന്ന് ചിലര്‍ ആരായുകയും ചെയ്തു.

അക്ഷരം നഷ്ടമാകുന്നതിന്‍റെ ചരിത്ര ബീജങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ പക്ഷെ, അരവിക്ക് കഴിഞ്ഞില്ല. അയാള്‍ തലച്ചോറിന്‍റെ മറ്റേപാതിയില്‍ തലമുറകളുടെ സാന്നിധ്യത്തിനായി തിരഞ്ഞു. ശൂന്യമായ ഒരു തരം മരവിപ്പാണ് രവിക്ക് അപ്പോള്‍ അറിയാനായത്. വന്ന വഴികളുടെ ബോധോധയം അയാളെ പിടിച്ചുലച്ചു.

അക്ഷരം നഷ്ടമായ എഴ്സെന്‍റ് പുരയിടത്തിലെ പേരിന് മുന്നില്‍ അരവി തളര്‍ന്നിരുന്നു. അരവിക്ക് ചിന്തകള്‍ തന്നെ നഷ്ടമായിരുന്നു. അയാളുടെ മുറിയില്‍ കാര്യസ്ഥന്‍ പലതവണ മുട്ടിവിളിച്ചെങ്കിലും അത് തുറക്കപ്പെട്ടില്ല. അയാള്‍ക്കുള്ള ഭക്ഷണം തീന്മേശയില്‍ തണുത്തു. സകലതില്‍ നിന്നും താന്‍ പുറന്തള്ളപ്പെട്ടതു പോലെ അയാള്‍ക്ക് തോന്നി.

വാക്കുകള്‍ എടുത്ത് കടന്നുകളഞ്ഞവനെ തേടി വലകള്‍ക്കിടയിലൂടെ അയാള്‍ പാഞ്ഞു. തന്‍റെ കീ ബോര്‍ഡില്‍ അ എന്ന അക്ഷരം മാത്രം ചലനമറ്റ് കിടക്കുന്നത് മെല്ലെ, അയാള്‍ തിരിച്ചറിഞ്ഞു. പേരില്‍ നിന്ന് മാത്രമല്ല താന്‍ വിതച്ച അക്ഷര കൂട്ടങ്ങളില്‍ നിന്നെല്ലാം അ എന്ന അക്ഷരം അപ്രത്യക്ഷമാകുന്നത് അയാള്‍ അറിഞ്ഞു തുടങ്ങി. അയാള്‍ വല്ലാത്തൊരു നിശബ്ദതയില്‍ മുങ്ങിയിരുന്നു.

ഒരോ നിമിഷത്തിലും താന്‍ വൃദ്ധനാവുകയാണെന്ന് അയാള്‍ക്ക് അതിനിടയില്‍ എപ്പോഴോ തോന്നി. അയാള്‍ കണ്ണാടിയുടെ പ്രതിബിംബത്തിലേക്ക് ഓടിയെത്തി. സ്വയം തിരിച്ചറിയാനാവാതെ അരവി തരിച്ചു നിന്നു. വെട്ടിയൊതുക്കാത്ത മുടിയും ക്ഷൌരം ചെയ്യാത്ത മുഖവും അയാള്‍ക്ക് ഒരു ഭീകരത നല്‍കിയിരുന്നു. നടുവിന് ഒരു വളവ് ബാധിച്ചിരിക്കുന്നു എന്ന സത്യവും അയാള്‍ അപ്പോള്‍ മനസിലാക്കി. അയാള്‍ ഭയന്നു. അയാള്‍ അയാളല്ലാതായി.

ആരെ വിളിക്കണമെന്ന് അയാള്‍ക്ക് അറിയില്ലായിരുന്നു. നൂറുകണക്കിന് മുഖങ്ങള്‍ക്കിടയില്‍ നിന്ന് ഒരു ഇഷ്ടമുഖം വേര്‍തിരിച്ചെടുക്കാന്‍ അയാള്‍ പാടുപെട്ടു. എങ്കിലും ഏതോ നിമിഷത്തില്‍ അത് സംഭവിച്ചു. സാറാമ്മേ… അയാള്‍ നീട്ടി വിളിച്ചു.

അയാളുടെ വിളി കേള്‍ക്കുന്നതിന് മുമ്പു തന്നെ സാറാമ്മയ്ക്ക് എന്തോ അസ്വസ്ഥമായ ഉള്‍വിളികള്‍ അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. അത് അങ്ങനെയാണ് ഒരാളുടെ ബുദ്ധിയുടെ കൂടിക്കുഴയല്‍ മറ്റൊരാള്‍ക്ക് ഉള്‍വിളിയായി മാറാം. ഏതോ ബീജവാക്യങ്ങളുടെ കെട്ടു പാടുകള്‍ പോലെ.

ഉള്‍വിളിയിലേക്കും പിന്നീട് അരവിയുടെ നീട്ടിയുള്ള രോദനത്തിലേക്കും എടുത്തെറിയപ്പെടുമ്പോള്‍ സാറാമ്മ പുഴയുടെ തീരത്തെ അഞ്ചു സെന്‍റിലിരുന്ന് കേശവന്‍റെ വിലാപങ്ങള്‍ വായിക്കുകയായിരുന്നു.

സാറാമ്മ പുഴയെ നോക്കി കൊഞ്ഞനം കുത്തി. സാറാമ്മയുടെ അപ്പന്‍ ഈപ്പന് പണ്ട് സര്‍ക്കാര്‍ പതിച്ചു കൊടുത്തതാണ് പുഴയുടെ തീരത്തെ അഞ്ചു സെന്‍റ്. ഒരു ഉരുള്‍പൊട്ടല്‍ കഴിഞ്ഞ് മാനം തെളിഞ്ഞപ്പോള്‍ ഈപ്പന്‍റെ അഞ്ചു സെന്‍റ് പത്തു സെന്റായി. അഞ്ചു സെന്‍റു നോക്കി പുഴ നിലവിളിച്ചു. ഈപ്പന്‍ ചിരിച്ചു. സാറാമ്മ പുഴയിലേക്ക് കല്ലുകള്‍ പെറുക്കിയെറിഞ്ഞു രസിച്ചു. പുഴ പുളകിതയായി.

ക്രൂരമായ നിലമലംഘനം, സാമ്രാജ്യത്വ അതിക്രമം, സംസ്കാരത്തിന് നേരെയുള്ള കടന്നുകയറ്റം- സാറാമ്മ പുസ്തകം വലിച്ചെറിഞ്ഞ് വിളിച്ചു കൂവി. പുഴ ചിരിച്ചു കരഞ്ഞു. കരിങ്കല്‍കെട്ടില്‍ തലതല്ലി.

വല്ലപ്പോഴും കേള്‍ക്കുന്ന മകളുടെ ചിരിയില്‍ ഈപ്പന് ആനന്ദമുണ്ടായി. ആനന്ദക്കണ്ണീരുണ്ടായി. ഇനി പാട്ടും തട്ടു പൊളിപ്പന്‍ സംഗീതവും അലര്‍ച്ചയും എല്ലാം കേള്‍ക്കാമെന്ന് അയാള്‍ മനക്കണ്ണില്‍ കണ്ടു. വില്ലേജോഫീസര്‍ക്ക് മാസപ്പടി കൊടുക്കുന്ന കാര്യം അപ്പോള്‍ അയാള്‍ എന്തുകൊണ്ടോ ഓര്‍ത്തു പോയി.

അകത്ത് സാറാമ്മ വ്യത്യസ്ത തിരച്ചില്‍ വാക്കുകള്‍ ഉപയോഗിച്ച് ഗവേഷണം ആരംഭിച്ചിരുന്നു. ഒടുവില്‍ ഈപ്പന്‍ പ്രതീക്ഷിച്ച അലര്‍ച്ച സാറാമ്മയില്‍ നിന്നും പുറപ്പെടുകയുണ്ടായി. കള്ളന്‍ കേശവന്‍ നായരാണെന്ന് സാറാമ്മവിളിച്ചു കൂവി. അവനെ പുഴയില്‍ മുക്കുമപ്പാ ഞാന്‍ എന്ന് ആര്‍ത്ത് സാറാമ്മ ഗവേഷണം തുടര്‍ന്നു. പുഴചിരിച്ചു.

നിയമവും നീതിനിര്‍വഹണവും ഭരണഘടന ഉദ്ധരിച്ച് സാറാമ്മ, അ പോയ രവിക്ക് വിശദീകരിച്ചു. രവിക്ക് സാറാമ്മയെ ഉമ്മവെയ്ക്കണമെന്ന് തോന്നി. കേശവന്‍ നായര്‍ക്ക് കണ്ണുതള്ളി. കുടുക്കാഞ്ചിറയ്ക്ക് ഭരണഘടനയുണ്ടായി. സാറാമ്മയുടെ സന്തോഷം ലോകത്തിന്‍റെ സന്തോഷമായി. സാറാമ്മയുടെ ചിരികള്‍ ചരിത്രമായി. സാറാമ്മയ്ക്ക് പിന്നില്‍ അണികള്‍ ഉണ്ടായി. സാറാമ്മ നയിച്ചു. സാറാമ്മ നിറഞ്ഞുതൂവി. അണികള്‍ മുഷ്ടിചുരട്ടി. കേശവന്‍ നായര്‍ വിരണ്ടു, വിഷാദിച്ചു. അരവിയുടെ അ തന്‍റെ പുരയിടത്തില്‍ എങ്ങനെയെത്തിയെന്ന് അതിശയിച്ചു.

തന്‍റെ കുന്തമുനയും ചൂണ്ടുവിരക് നീണ്ട കൈപ്പത്തിയും ചതിച്ചിരിക്കുന്നു. അയാള്‍ക്ക് വിഷാദമുണ്ടായി. കേശവന്‍ നായര്‍ സാഷ്ടാംഗ പ്രണാമം നടത്തി.

ആദിമമായ എന്തോ ഒന്ന് ആ നിമിഷം അരവിയെ പിടികൂടി. അ പോയ രവി ചിന്താവിഷ്ടനായി. അ പോയ രവി രാധേയനായി. കവച കുണ്ഠലധാരിയായി. സാറാമ്മ കയര്‍ത്തു. അണികള്‍ മുഷ്ടി ചുരുട്ടി.

അ പോയ രവി ഇത് കുടുക്കാഞ്ചിറയുടെ ആവശ്യമാണ്. കുടുക്കാഞ്ചിറയുടെ ഭരണഘടനവായിക്കൂ. സാറാമ്മ ഉദ്ബോധന പ്രസംഗം നടത്തി. അഞ്ചു സെന്‍റിനെ നോക്കി പുഴ കൊഞ്ഞനം കുത്തി. സാറാമ്മ കണ്ടില്ലെന്ന് നടിച്ചു.

കിഴക്ക് ആകാശത്ത് മഴക്കാറ് ഉരുണ്ടു കൂടുന്നത് കണ്ട് ഈപ്പന്‍ മുറ്റത്തിറങ്ങി. മോളേ മഴ പെയ്തേക്കും.

ഉരുള്‍ പൊട്ടുമോ അപ്പാ?
ആദ്യ മഴത്തുള്ളിക്ക് സാറാമ്മ ആകാശത്തേക്ക് നോക്കിനിന്ന ഏതാണ്ട് അതേ സമയത്താണ് മത്തായിയുടെ കുശിനിക്കാരന്‍ ഗുണശേഖരന്‍ പിള്ളയ്ക്ക് രോമാഞ്ചം ഉണ്ടായത്. അപ്രതീക്ഷിതമായി രോമകൂപങ്ങള്‍ എഴുന്നു നിന്നത് ഗുണശേഖന്‍ പിള്ളയെ ആശ്ചര്യപ്പെടുത്തി. മുന്‍പ് നീലഭൃംഗാദി തൈലത്തിന് വേണ്ടി കല്യാണിയെ മത്തായി വെടിച്ചുകൊല്ലുന്നത് കണ്ടപ്പോഴും, സാമുവലും ത്രേസ്യയും തമ്മിലുള്ള ബന്ധത്തില്‍ ക്ഷുഭിതനായി ആസിഡ് ഒഴിച്ച് അവരുടെ മുഖം മത്തായി പൊള്ളിക്കുന്നത് കണ്ടപ്പോഴും ഇതിന് മുമ്പ് പിള്ളയ്ക്ക് രോമാഞ്ചമുണ്ടായതായി ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്.

കുടുക്കാഞ്ചിറയില്‍ അരവിയുടെ അ പോയ വാര്‍ത്ത സാറാമ്മയുടെ പ്രഭാഷണം സഹിതം മൈക്കിലൂടെ പിള്ള ശ്രവിച്ചത് മത്തായിയുടെ പിസ്റ്റള്‍ വൃത്തിയാക്കിക്കൊണ്ടാണ്. സാറാമ്മയുടെ പ്രഭാഷണം കേട്ടതോടെ അയാള്‍ ശക്തമായി ഒന്നു തുമ്മുകയും. കൊമ്പാക്കി വളര്‍ത്തിയ മീശ വല്ലാതെ വിറയ്ക്കാന്‍ തുടങ്ങുകയും ചെയ്തു. കേശവന്‍ നായരെ അയാള്‍ പൂ പൂ എന്ന് വിളിച്ചു.

പിള്ളയുടെ ഈ പരിഹാസച്ചിരി കേട്ടാണ് കുടുക്കാഞ്ചിറയുടെ തെക്കേയറ്റത്ത് തന്‍റെ തോട്ടത്തില്‍ തെങ്ങിന്‍റെ മണ്ഡരി ബാധയെ കുറിച്ച് ലാപ്‌ടോപ്പില്‍ പ്രബന്ധം തയാറാക്കുകയായിരുന്ന കുട്ടന്‍ നായര്‍ ഫയല്‍ മടക്കുന്നത്. അളവ് പിഴയ്ക്കാത്ത കുട്ടന്‍ നായര്‍ക്ക് ആദ്യം സംഭവത്തിന്‍റെ ഗൌരവം മനസിലായില്ല. അയാള്‍ കുറേനേരം സമാധിയായി. ബുദ്ധനായി. ഐസക് ന്യൂട്ടനായി.

കേശവന്‍ നായരെ രഹസ്യമായി ഒന്ന് മുട്ടി നോക്കാന്‍ അയാള്‍ക്ക് ബോധോധയമുണ്ടായി. കേശവന്‍ നായര്‍ നായരായി. കുട്ടന്‍‌നായര്‍ മറ്റൊരു നായരായി.

സാറാമ്മയുടെ ആരാധകരില്‍ തൊണ്ണൂറ്റിയേഴാമനായി കുട്ടന്‍‌നായരെ ചരിത്രം രേഖപ്പെടുത്തുന്നത് അങ്ങനെയാണ്.

ജോനാഥന്‍ ചരിത്ര പുസ്തകം അടച്ചു വച്ചു. അയാള്‍ സിഗററ്റിന് തീകൊളുത്തി ഒരു നീണ്ട പുകയെടുത്തു. ചരിത്രം പലതും വിട്ടു കളഞ്ഞിരിക്കുന്നുവെന്ന് അയാള്‍ക്ക് തോന്നി. അരവിക്ക് അ തിരിച്ചു കിട്ടിയതായി വാമൊഴിയുണ്ട്. എന്നാല്‍ ചരിത്രം ഇക്കാര്യം രേഖപ്പെടുത്താന്‍ വിട്ടുപോയിട്ടുണ്ട്. സാറാമ്മയുടെ പ്രഭാഷണം മത്തായിയുടെ പിസ്റ്റലും തുടച്ചു കൊണ്ട് പിള്ള ശ്രവിച്ചതെന്തിനാണെന്നത് സുപ്രധാനമായ ഒരു സംഗതിയാണെന്ന് ജോനാഥന് തോന്നി. ചരിത്രം വല്ലാതെ ഭ്രമിപ്പിക്കുന്ന ജോനാഥന്‍റെ മനസ് അങ്ങനെ കാടുകയറി പോയതില്‍ അതിശയിക്കാനൊന്നുമില്ല.

ഇരുണ്ടു മൂടിയ ആകാശത്തില്‍ നിന്നും തുമ്പിക്കൈവണ്ണത്തില്‍ മഴ പെയ്തിറങ്ങി. ജോനാഥന് മഴയില്‍ ഒരു രസവും തോന്നിയില്ല. മഴത്തുള്ളികള്‍ കൈക്കുമ്പിളില്‍ ഏറ്റുവാങ്ങുന്നതിന്‍റെ സുഖം അയാള്‍ മറന്നുപോയി. കുടുക്കാഞ്ചിറയില്‍ പൂരിപ്പിക്കാനായി ബാക്കി കിടക്കുന്ന ചോദ്യങ്ങളായിരുന്നു അയാളുടെ മനസു നിറയെ.

അതു കൊണ്ടു തന്നെ ഒരു യാത്ര അനിവാര്യമാണെന്ന് അയാള്‍ക്ക് തോന്നി. ഒരു തോള്‍ സഞ്ചിയും ഒരു പിസ്റ്റലും മാത്രമായി തന്‍റെ ജിപ്സില്‍ അയാള്‍ യാത്ര തുടങ്ങി. അയാളുടെ മനസ് കുടുക്കാഞ്ചിറയെ ചുറ്റിപ്പറ്റി നിന്നു. വായിച്ച ചരിത്രം അയാള്‍ വീണ്ടും വീണ്ടും മനസില്‍ തിരിച്ചും മറിച്ചുമിട്ടു. ഒരോ ആലോചനയിലും അയാളുടെ സംശയങ്ങളുടെ എണ്ണം കൂടി വന്നു.

തിമിര്‍ത്തു പെയ്യുന്ന മഴയിലൂടെ അയാളുടെ ജിപ്സി കുടുക്കാഞ്ചിറ പാലത്തിലേക്ക് നൂണ്ടു കയറി. കുടുക്കാഞ്ചിറ പാലം കടക്കുമ്പോള്‍ മഴയില്‍ നിന്ന് അന്തിവെയിലിലേക്ക് താന്‍ കടന്നത് അയാളെ അല്‍ഭുതപ്പെടുത്തി. എങ്കിലും വെയിലിനും ഇരുട്ടാണെന്നാണ് അയാള്‍ അപ്പോള്‍ തിരിച്ചറിഞ്ഞത്. ജോനാഥന്‍റെ കണ്‍‌തടങ്ങള്‍ വല്ലാതെ തുടിച്ചു കൊണ്ടിരുന്നു.

ചരിത്രം രേഖപ്പെടുത്തി വച്ച അരവിയുടെ ബംഗ്ലാവിലേക്കുള്ള നീണ്ട വളവ് ജോനാഥന്‍ പിന്നിടുമ്പോള്‍ അവശേഷിക്കുന്ന വെളിച്ചം കൂടി നഷ്ടമായിരുന്നു. തോട്ടത്തിന്‍റെ മേലേയറ്റത്ത് രണ്ടു പേര്‍ നില്‍ക്കുന്നുണ്ടായിരുന്നു. തീരെ മെല്ലിച്ച അവര്‍ പാറക്കൂട്ടത്തിന് മുകളില്‍ കൈകള്‍ തോളില്‍ ചേര്‍ത്ത് വെച്ച് ഇരിക്കുകയായിരുന്നു. ഇടയ്ക്കിടെ തലതിരിക്കുന്നതും കണ്ണില്‍ കണ്ണില്‍ നോക്കുന്നതും, ജീവന്‍റെ സാന്നിധ്യം പരസ്പരം അറിയിക്കാനാണെന്നത് പോലെയാണ് കാഴ്ചക്കാര്‍ക്ക് തോന്നുക.

ബംഗ്ലാവിന്‍റെ ഇരുട്ടറകളില്‍ നിന്ന് കീബോര്‍ഡിലെ കട്ടകള്‍ അമരുന്നതിന്‍റെ ശബ്ദം വല്ലാത്ത നിശബ്ദതയില്‍ മാത്രം പുറത്തേക്ക് ഒഴുകിയെത്തിയിരുന്നു. അതും ചീവീടുകള്‍ അനുഗ്രഹിച്ചെങ്കില്‍ മാത്രം. ഇരുട്ടറയ്ക്കുള്ളില്‍ പൊടിപിടിച്ച കമ്പ്യൂട്ടറിന് മുന്നില്‍ ഒരു അസ്തിപഞ്ചരം അമര്‍ന്നിരിക്കുന്നു. ഒന്നു തൊട്ടാല്‍ കസേരയില്‍ നിന്നും അത് അടര്‍ന്ന് വീഴുമെന്ന് തോന്നാം. ആ കണ്ണുകള്‍ തിളങ്ങുന്നുണ്ട്. വിരലുകള്‍ ചലിക്കുന്നുണ്ട്. എന്നാല്‍ ആ കീബോര്‍ഡില്‍ അക്ഷരങ്ങള്‍ തെളിഞ്ഞിട്ടുണ്ടായിരുന്നില്ല.

ജോനാഥന്‍ അവസാനത്തെ വളവ് തിരിഞ്ഞു കയറ്റത്തിലേക്ക് കയറിതുടങ്ങുന്നു. അസാധാരണമായ ഏതോ ശബ്ദം പിന്തുടരുന്നതായി അയാള്‍ക്ക് അനുഭവപ്പെട്ടു തുടങ്ങി.

ഇനിയങ്ങോട്ട് ജോനാഥന്‍റെ യാത്രയില്‍ എഴുത്തുകാരാ നിനക്ക് പ്രവേശനം നിഷിദ്ധമാണ്. അല്ലങ്കിലും തെറ്റുകളെ ഗര്‍ഭം ധരിച്ച ചരിത്രത്തിന്‍റെ തീന്‍‌മുറിയില്‍ എഴുത്തുകാരാ നീ ഉണ്ടായിരിക്കുന്നത് ജോനാഥന്‍റെ ചിന്തയുടെ താളം തെറ്റിച്ചേക്കാം.

ഇവിടെ ഈ അവസാന വളവില്‍ ശാപമോക്ഷത്തിന് കാത്ത് നീ ഇരിക്കുക. ഒരു പക്ഷെ, ജോനാഥന്‍ മടങ്ങി വന്നേക്കാം. അല്ലെങ്കില്‍ ചരിത്രം നിന്നെ തേടി മലയിറങ്ങി വന്നേക്കാം. ധ്യാനത്തിന്‍റെ സൂത്രം ഇനിയും നീ മറന്നിട്ടില്ലല്ലോ അല്ലെ.

Advertisements

Leave a Comment »

No comments yet.

RSS feed for comments on this post. TrackBack URI

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

Create a free website or blog at WordPress.com.

%d bloggers like this: