ആനക്കൂടന്‍

Monday, April 9, 2007

മിണ്ടല്ലെ, അപ്പു ഉറങ്ങട്ടെ…

Filed under: Uncategorized — ആനക്കൂടന്‍ @ 6:25 pm

“ഇവിടെ വാ അപ്പൂ”, അവള്‍ ചോറുരുളയുമായി മോന്‍റെ പിന്നാലെ നടന്നു.

“അമ്മയ്ക്കെന്നെ പിടിക്കാന്‍ പറ്റ്വോ”- മുറ്റത്തൂടെ ഓടി നടന്ന് അപ്പു കൊഞ്ചി.

അവള്‍ ഓടി മടുത്തു. “അമ്മയ്ക്ക് വയ്യാട്ടോ ഓടാന്”‍.

“അമ്മയെന്നെ പിടിക്കാന്‍ വാന്നെ”- അപ്പു കൈയ്യില്‍ ചരല്‍ക്കല്ലെടുത്ത് കാക്കയെ എറിഞ്ഞു.

“ദേ, നോക്കിയേ അപ്പൂ, നമ്മടെ മാവിന്‍റെ കൊമ്പത്ത് ഒരണ്ണാനിരിക്കണത്”.

“ങേ, എന്നാ അമ്മെ”

“ദേ, അണ്ണാന്‍ കുഞ്ഞ് നമ്മടെ മാമ്പഴം പറിച്ചോണ്ട് പോണു”.

“എവിടെ” -അപ്പു മേലേക്ക് നോക്കി ഓടി വന്നു. അമ്മയുടെ സാരിത്തുമ്പില്‍ തൂങ്ങി കുഞ്ഞിക്കൈ മോലോട്ട് ചൂണ്ടി.

അവള്‍ ചോറ് ഒരുളയാക്കി വായില്‍ വച്ചു കൊടുത്തു. ചോറു വിഴുങ്ങി അപ്പു വീണ്ടും ചോദിച്ചു- “എവിടാമ്മേ, മോന്‍ കണ്ടില്ലല്ലോ”.

“ദേ അങ്ങ് മോളില്‍ ആ എലേടെ എടേല് കണ്ടോ. അപ്പൂന്‍റെ ചോറ് തട്ടിയെടുക്കാന്‍ വര്വാ. വേഗം കഴിച്ചോ”.

അപ്പു ചോറുരളകള്‍ വേഗം വായിലാക്കി. അവള്‍ അപ്പൂനെയും എടുത്ത്, പൂവിനോടും പൂമ്പാറ്റയോടും എല്ലാം സംസാരിച്ച് ഗേറ്റിലേക്ക് നടക്കുമ്പോള്‍ പൂച്ച കുറുകെ ചാടി. പൂച്ചയെ കണ്ടതും അപ്പു അവളുടെ എളിയില്‍ നിന്ന് ഊര്‍ന്നിറങ്ങി പിന്നാലെ ഓടി. ‘നിക്ക് വീഴൂട്ടോ’ എന്നു പറഞ്ഞ് അവള്‍ പിന്നാലെയും, ഒരു വേരില്‍ തട്ടി അവള്‍ കൂട്ടിയിട്ട കല്ലിലേക്ക് മറിഞ്ഞു.

എന്തിനാ ഈ അപ്പൂ കരയണെ. എവിടെ, എവിടെ, അവള്‍ ചുറ്റും നോക്കി. വീടിനു മുന്നില്‍ പന്തല്‍ ഇട്ടിരിക്കുന്നു. ആളുകള്‍ അങ്ങുമിങ്ങും നടക്കുന്നു. ആരാ ഇവരൊക്കെ, എന്താ വിശേഷിച്ച്. അപ്പൂ, അവള്‍ നീട്ടി വിളിച്ച് വാതില്‍ക്കലേക്ക് നടന്നു.

ആരാ രാമായണം വായിക്കുന്നത്. ഈ അമ്മേം അച്ഛനും എന്താ പറഞ്ഞോണ്ടിരിക്കണെ. ഇവിടെ നിറയെ ആളാണല്ലോ. മൂലയില്‍ ഭര്‍ത്താവ് അപ്പൂനേയും എടുത്ത് നില്‍ക്കുന്നു. ഇങ്ങനെ കരയാന്‍ ഈ കുട്ടിക്ക് എന്താ പറ്റിയേ.

അവള്‍ മുന്നോട്ടാഞ്ഞപ്പോള്‍ വെള്ളത്തുണിയില്‍ പൊതിഞ്ഞ ഒരു ശരീരം കണ്ടു ഞെട്ടി. ആരാ മരിച്ചേ അവള്‍ സൂക്ഷിച്ചു നോക്കി. അയ്യോ, എന്നേ പോലെ തന്നെയിരിക്കണല്ലോ. ദൈവമേ, ആരാ, അവള്‍ സ്വന്തം ശരീരത്തിലേക്ക് നോക്കി. പിന്നെ ചുറ്റിനും. അവള്‍ക്ക് മാത്രം കേള്‍ക്കാവുന്ന ഒച്ചയില്‍ ഒരു നിലവിളിയുയര്‍ന്നു‍. ഞാന്‍, ഞാന്‍ എന്‍റെ ചേട്ടന്‍, എന്‍റെ അപ്പു. ചരല്‍ക്കല്ലിനിടയിലെ വേരുകള്‍ അപ്പോള്‍ അവള്‍ക്ക് ഓര്‍മ്മവന്നു.

“ഉമേ”, കസേര പിന്നിലേക്ക് തെറുപ്പിച്ച് ഹരിശങ്കര്‍ ആധിയോടെ എഴുനേറ്റു. മൌസ് കൈയില്‍ നിന്നും തെറിച്ചു പോയി. “എന്താ ഉമേ എന്താ എന്തിനാ വാവ കരയണെ”.

“കൊതുകു കടിച്ചിട്ടാന്നു തോന്നണൂ. ഇതെന്താ വേര്‍ത്തിരിക്കണല്ലോ”.

“ഒന്നൂല്യ. ഹരിശങ്കര്‍ ആശ്വാസത്തോടെ അവളെ നോക്കി”.

“കഥാഭ്രാന്ത് പിടിച്ചുണ്ടാവുല്ലെ. ഏത് കഥാപാത്രമാ ഇപ്പോ ആവേശിച്ചെ. ഈ ഹരിയേട്ടനുമൊണ്ട്, ഒരു ബ്ലോഗുമൊണ്ട്, വന്നു കിടക്കാന്‍ നോക്കൂട്ടോ”.

“ഇപ്പോള്‍ വരാം”.

അയാള്‍ കമ്പ്യൂട്ടറിനു മുന്നിലേക്ക് ഓടി, ഹരിശങ്കര്‍ കര്‍സര്‍ അവസാനത്തില്‍ വച്ച് ബായ്ക്ക് സ്പേസില്‍ അമര്‍ത്തിപ്പിടിച്ചു. കഥയിപ്പോള്‍ അപ്പുവിന്‍റെ കരച്ചിലിലേക്കെത്തി.

എന്തിനാ ഈ അപ്പൂ കരയണെ. അവള്‍ വാതില്‍ തുറന്ന് അകത്തേക്ക് കയറി. സന്ധ്യാദീപം തെളിച്ചിട്ടുണ്ട്. പായിലിരുന്ന് മുത്തശ്ശി രാമായണം വായിച്ച് കുട്ട്യോള്‍ക്ക് കഥ പറഞ്ഞ് കൊടുക്കുന്നു. അവള്‍ മുന്നോട്ടാഞ്ഞു. അവളുടെ തലയില്‍ ഒരു ചെറിയ മുറിപ്പാടുണ്ട്.

“ദാ എവനെയെടുത്തോളൂ. എല്ലാരെം കൂടി കണ്ടപ്പോള്‍ തുടങ്ങിയതാ”-അയാള്‍ കുട്ടിയെ അവള്‍ക്ക് നീട്ടി.

അവള്‍ അപ്പുവിനെ വാങ്ങി. “ഇങ്ങനാണോ അപ്പൂസെ വേണ്ടെ. എല്ലാരും ചിറ്റേടെ കല്യാണത്തിനു വന്നതല്ലെ. ഇതാരൊക്കെയാന്ന് നോക്കിയെ. വിഷ്ണൂട്ടന്‍, കുട്ടൂസ്…” അവളുടെ തോളിലേക്ക് തലചായ്ച്ച് അപ്പു ഉറക്കത്തിലേക്ക് വഴുതാന്‍ തുടങ്ങിയിരുന്നു.

“വന്നു കിടക്കൂട്ടോ.. ” ഉമ വിളിക്കുന്നു. ഹരിശങ്കര്‍ മോണിറ്റര്‍ ഓഫ് ചെയ്ത് എഴുന്നേറ്റു.

അയ്യോ, അപ്പോള്‍ കഥ പൂര്‍ത്തിയായില്ലല്ലോ.

‘ശ് മിണ്ടല്ലെ അപ്പു ഉറങ്ങട്ടെ’.

Advertisements

1 Comment »

  1. ഇതും കൊള്ളാമല്ലോ..

    Comment by podikuppi — Tuesday, April 10, 2007 @ 1:24 pm


RSS feed for comments on this post. TrackBack URI

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

Blog at WordPress.com.

%d bloggers like this: