ആനക്കൂടന്‍

Thursday, March 27, 2008

എന്തേ, ഭയം തോന്നുന്നുണ്ടോ!

Filed under: Uncategorized — ആനക്കൂടന്‍ @ 7:44 pm

നിങ്ങള്‍ക്ക് ഭയം തോന്നിത്തുടങ്ങിയിട്ടുണ്ടോ?. തുറന്നു സംസാരിക്കാന്‍ വിമര്‍ശിക്കാന്‍. മണ്ണിനെ കുറിച്ച്, വായുവിനെ കുറിച്ച്, ജലത്തെ കുറിച്ച്… അല്‍പ്പമൊക്കെ ആകാം. പക്ഷെ, അതിരുകള്‍ കൂടുതല്‍ ലംഘിക്കാതിരിക്കുക. ടാറ്റമാര്‍, ബിര്‍ളമാര്‍, അംബാനിമാര്‍, ഫാരിസുമാര്‍, ഡസന്‍ കണക്കിനു മണ്ണു മാഫിയാതലവന്‍മാര്‍… എന്നിങ്ങനെ വിമര്‍ശനം കാടുകയറിയാല്‍ സൂക്ഷിക്കുക. ജയിലില്‍ ഉണ്ടന്‍ പൊരി അധികം അകലെ ആകില്ല. കാരണം നിങ്ങള്‍ നക്സലും മാവോയിസ്റ്റുമാകുന്നു.

വിര്‍ശിക്കുന്നവനെ നക്സലും മാവോയിസ്റ്റും ആക്കുന്ന അസഹിഷ്ണുതയും ഭീതിയും അധികാര കസേരകളെ ബാധിച്ചു കഴിഞ്ഞിരിക്കുന്നു. ചോദ്യം ചെയ്യലുകളെ അവര്‍ ഭയക്കുന്നു. തെറ്റുചെയ്യുന്നവന്റെ വികാരമാണത്. കര്‍ഷകനെ സ്നേഹിക്കാന്‍ ഒരുങ്ങിയിറങ്ങിയ ഭരണ നേതാവ് ഇന്ത്യയിലെ പാവപ്പെട്ടവനെ അറിയുന്നില്ല. കര്‍ഷകന്റെ ഭൂമി നക്കാപ്പിച്ചയ്ക്ക് പിടിച്ചെടുത്ത് കോര്‍പറേറ്റുകള്‍ക്ക് തീറു കൊടുക്കുന്നു. പേര് സെസ്.

കാര്യങ്ങള്‍ ഈ രീതിയില്‍ പോയാല്‍ പാര്‍ട്ടി പിരിച്ചു വിടേണ്ടി വരുമെന്ന് വിവരമുള്ളവര്‍ ബോധിപ്പിച്ചപ്പോള്‍ ചില സോപ്പുകള്‍ വില്‍പ്പനയ്ക്കെത്തി. കര്‍ഷക റാലിയില്‍ ഭരണചക്രം തിരിക്കുന്ന നേതാവ് കലപ്പ തലതിരിച്ചു പിടിച്ച് അഭിമാനിയായി നിന്നു. ലജ്ജാ‍കരമാണ് ആ ചിത്രം. കലപ്പ, കേവലം ഒരു പണിയായുധം മാത്രമല്ല നേതാക്കളെ ഈ നാട്ടിലെ കര്‍ഷകന്.

നക്സലിസവും മാവോയിസവും പല ഇസങ്ങളും എന്തുകൊണ്ട് വര്‍ദ്ധിക്കുന്നു എന്ന് ചര്‍ച്ച ചെയ്യാനല്ല മീ‍റ്റിംഗ്. അടുത്തവര്‍ഷം അതിനെ നേരിടാന്‍ എത്ര പൊലീസ് സേനയെ അധികം വേണം എന്നതാണ്. ഇത്ര വേണമെന്നു പറയാന്‍ “ലജ്ജ“യില്ലാതെ ഇടതന്മാരുടെ മന്ത്രിമാരുമുണ്ട്. പാവപ്പെട്ടവനൊപ്പം നിന്ന്, നമ്മള്‍ കൊയ്യും വയലെല്ലാം നമ്മുടെതാകും  പൈങ്കിളിയെ എന്നു പാതിരാ ക്ലാസുകള്‍ എടുത്ത്, വാരിക്കുന്തം എടുത്ത് പൊരുതിയ, രക്തസാക്ഷികള്‍ക്ക് സിന്ദാബാ‍ദ് വിളിക്കുന്ന ഇടതുപക്ഷമേ നീ കടന്നു വന്ന അതേ വഴികള്‍ തന്നെയാണ് വളര്‍ച്ചയ്ക്കായി അവരും തിരഞ്ഞെടുത്തിരിക്കുന്നത്.

അവര്‍ക്ക് ഇടം നിഷേധിച്ച് പാവപ്പെട്ടവനുവേണ്ടി ഒച്ചയുയര്‍ത്തേണ്ട നിങ്ങള്‍ എവിടെയാണ്. അധികാര ദാര്‍ഷ്ട്യവും പഞ്ചനക്ഷത്ര സംസ്കാരവും…

**    **     **
ടെലിവിഷനിലേക്ക് നോക്കൂ. വൈകുന്നേരമൊന്നു കൂടാന്‍ സൂപ്പര്‍സ്റ്റാര്‍ വിളിക്കുന്നു. എടുത്താല്‍ പൊങ്ങാത്ത തടിയും വച്ച് പതിനെട്ടുകാരിയുമായി മരം ചുറ്റുന്ന താരം എങ്ങനെ തടി കുറയ്ക്കാം എന്ന് ക്ലാസും എടുത്തു തരും. സ്വന്തം തടിയെ കുറിച്ചു സംശയുമുണ്ടെങ്കില്‍ ആരോഗ്യം മാസികയിലെ താരത്തിന്റെ കുറിപ്പ് മനപ്പാഠമാക്കാം.

വീടും ബന്ധങ്ങളെയും പറിച്ചെറിഞ്ഞ് ഇനി നമുക്ക് ഓഷ്യാനസിലും കോണ്‍ഫിഡന്റിലും പോയി താമസിക്കാം. എലിമിനേറ്റു ചെയ്യപ്പെടുന്നവനെ ഗ്ലിസറിനൊഴിച്ചു കരയിച്ച് പശ്ചാത്തലത്തില്‍ കണ്ണീര്‍പൂവിന്റെ പാട്ടും വച്ച് സ്ലോമോഷനില്‍ കാണിക്കുന്ന ദൃശ്യങ്ങള്‍ക്കൊത്ത് നമുക്കും കണ്ണ് തുടച്ചു കൊണ്ടിരിക്കാം.

ഐശ്വര്യ റായിയുടെ വിരല്‍ മൊട്ടുസൂചികൊണ്ടു മുറിഞ്ഞ് ചോരപൊടിഞ്ഞതാവണം ഒന്നാം പേജിലെ ലീഡ് എന്നാണ് പുതിയ ഉത്തരവുകള്‍. നന്ദിഗ്രാം. ആര്‍ക്കു വേണം ഹേ അതൊക്കെ. വായനക്കാരെ കൊതിപ്പിച്ചു ക്ലിക്കിക്കുന്നതാവണം വാര്‍ത്തകള്‍. ക്ലിക്കുകളാകുന്നു നമ്മുടെ ആപ്തവാക്യം. അതിലാകുന്നു നിന്റെ പ്രൊമോഷന്‍, ഇന്‍‌ക്രിമെന്റ്.

**    **     **
അയല്‍ക്കാരനെ കുറിച്ചുള്ള ആശങ്കകള്‍ പേറുന്നമലയാളി… നാട്ടില്‍ നാലു ദിവസം പോയി നിന്നാല്‍ നേരിടേണ്ടത് നൂറു ചോദ്യങ്ങളാകുന്നു.
പകര്‍പ്പവകാശ ലംഘന മുദ്രാവാക്യത്തിന്റെ ഒന്നാം വാര്‍ഷികാചരണം നടക്കുന്നുണ്ട് ഒരിടത്ത്. വ്യക്തിഹത്യയ്ക്ക് ഉപരിയായി എന്താണ് മാഡം നിങ്ങള്‍ ചര്‍ച്ച ചെയ്തത്. ചൂഷണം ചെയ്യുന്നവനെ തിരിച്ചു ചൂഷണം ചെയ്യുക തന്നെ വേണം. അതിനുള്ള ഒരു വിരല്‍ പോലും അനക്കപ്പെട്ടില്ല.

പരാതി ഉണ്ടെങ്കില്‍ ന്യൂയോര്‍ക്കിലും വാഷിങ്ടണിലും ടോക്കിയോയിലും ഉള്ള തങ്ങളുടെ ആസ്ഥാനങ്ങളിലെ തമ്പുരാക്കന്‍മാരുടെ അടുത്ത് പരാതിപ്പെടണം എന്ന് കോര്‍പറേറ്റുകള്‍ എഴുതി വച്ചിരിക്കുന്ന ഡിസ്ക്ലെയിമര്‍ തൊട്ട് അവര്‍ നടത്തുന്ന പല മനുഷ്യാവകാശ ലംഘനങ്ങളില്‍ ഒന്നിനെ എങ്കിലും തൊട്ടു തീണ്ടാന്‍ നിങ്ങള്‍ ഭയന്നു.

പകരം ലവന്റെ ജോലി പോയി, ദേ മറ്റവനു പ്രൊമോഷന്‍ കിട്ടി, ദാണ്ടെ അവന്‍ കരയുന്നു, കമ്പനി ദാ പൂട്ടി, കണ്ണീരുകണ്ട് ചിലര്‍ക്ക് രോമാഞ്ചം ഉണ്ടാകുന്നു. പിന്നൊരാള്‍ ഓടി നടന്ന് ഇത്തരം കണ്ണീര്‍ സ്വന്തം ബ്ലോഗില്‍ കൊണ്ടിട്ട് കുരവയിടുന്നു…

കോര്‍പറേറ്റിന്റെ ഇന്ത്യന്‍ കണ്ടന്റ് പ്രൊവൈഡര്‍ പ്രസ്തുത ലാഗ്വേജ് പോര്‍ട്ടലില്‍ പാചകക്കുറിപ്പ് എഴുതാനുള്ള അവകാശം നല്‍കാമെന്നും തക്കതായ പ്രതിഫലം നല്‍കാമെന്നും പറഞ്ഞപ്പോള്‍ കൂവിവിളിച്ചവര്‍, അതേ ലാഗ്വേജ് പോര്‍ട്ടലില്‍ പാചകത്തില്‍ ഒരു ഖേദപ്രകടനം നടത്തിയപ്പോള്‍ പിറ്റേന്ന് സമരം നിര്‍ത്തുന്നതായി പ്രഖ്യാപിക്കുന്നു. ആവേശത്തോടെ മുദ്രാവാക്യം വിളിച്ച ചിലര്‍ സംഭവം കഴിഞ്ഞപ്പോള്‍ ആക്ച്വലി എന്തായിരുന്നു സംഭവം എന്ന് ആത്മഗതം നടത്തുന്നു. മെയിലയയ്ക്കുന്നു…

സമരമായാല്‍ ഇങ്ങനെ വേണം. ഇതിനൊക്കെയാകുന്നു നാം വാര്‍ഷികം ആഘോഷിക്കേണ്ടത്. ലാല്‍ സലാം.
 

Advertisements

7 Comments »

 1. ലാല്‍ സലാം

  Comment by കുറുമാന്‍ — Thursday, March 27, 2008 @ 9:11 pm

 2. ലാല്‍ സലാം
  നന്നായി കുറിപ്പ്

  Comment by സിയ — Thursday, March 27, 2008 @ 10:17 pm

 3. ayyo… saayudha viplavam varan pokunne….

  Comment by sreekanth — Friday, March 28, 2008 @ 11:23 pm

 4. എനിക്കും ഇത് തോന്നിയിരുന്നു. യാഹൂ സമരം എന്തിനായിരുന്നു? ചിലര്‍ക്ക് അവരുടെ ക്രെഡെന്‍ഷ്യല്‍ തെളിയിക്കാനുള്ള ഒന്ന് അത്ര മാത്രം. ആ ക്രെഡെന്‍ഷ്യലില്‍ ഞെളിഞ്ഞ് അവര്‍ പോസ്റ്റിടുന്നു, വാര്‍ഷികാഘോഷത്തിന്. പഴയ സവര്‍ണ കുപ്പായങ്ങളില്‍ അഭിരമിച്ച് മാപ്പ് പറഞ്ഞല്ലോ ഇനിയൊന്നും വേണ്ട എന്ന് അഭിനയിക്കുന്നു. സത്യത്തില്‍ വരച്ച വരയില്‍ നിര്‍ത്തി കാശ് വാങ്ങണമായിരുന്നു. ആര്‍ക്കൊക്കെയോ പ്രമോഷന്‍ കിട്ടിയെത്രേ! ആര്‍ക്കാ അത്? ആനക്കൂടനാണോ? ഞാന്‍ പറഞ്ഞാന്‍ കൂടിപ്പോവുവേ എന്നും പറഞ്ഞ് ചിലവര്‍ മിസ്റ്റിസിസം കൂട്ടുന്നു. എന്നാലങ്ങ് പറഞ്ഞ് തുലയ്ക്ക്. ഹല്ലേ പിന്നെ, എന്തേലും ചെയ്യ്… ആനന്ദം ഓരോരുത്തര്‍ക്കും ഓരോതരമാണല്ലോ..

  ആനക്കൂടാ കൊടുങ്കൈ.. ആരെങ്കിലുമൊക്കെ പറയണ്ടേ ഇത്.

  Comment by vinayan — Friday, March 28, 2008 @ 11:43 pm

 5. ആനക്കൂടാ,

  അലക്ക്‌ അസ്സലായി… 🙂
  നമിച്ചിരിക്കുന്നു.

  പിന്നെ പൊണ്ണത്തടിയന്‍ സൂപ്പര്‍സ്റ്റാര്‍ ആരോഗ്യത്തില്‍ കുറിച്ചത്‌ ഗുണപ്രദമായ ഒരു കാര്യംതന്നെയാണ്‌ ആനക്കൂടാ. ജി.എം. ഡയറ്റിലൂടെ ഈ പൊണ്ണത്തടിയന്‍റെ (എന്‍റെ) തൂക്കം നാല്‌ കിലോ കുറഞ്ഞു. 🙂

  ചെന്നൈ വാസം സുഖകരം?
  പോങ്ങുമ്മൂടന്‍.

  Comment by പോങ്ങുമ്മൂടന്‍. — Saturday, March 29, 2008 @ 2:12 pm

 6. ഹായ് ഹരി, ഒരുപാടു നാളുകള്‍ക്ക് ശേഷം ഇവിടെ കണ്ടുമുട്ടാന്‍ കഴിഞ്ഞതില്‍ സന്തോഷം. അപ്പോള്‍ തടി കുറയ്ക്കാനുള്ള ശ്രമത്തിലാണല്ലെ…

  ചെന്നൈയില്‍ സുഖം. എറണാകുളത്തേക്ക് നീങ്ങാന്‍ ഒരു പദ്ധതിയുണ്ട്. മിക്കവാറും മെയില്‍ നാട്ടിലെത്തും…

  Comment by ആനക്കൂടന്‍ — Saturday, March 29, 2008 @ 11:43 pm

 7. കൊള്ളാം.. നന്നായിട്ടുണ്ട്…
  ഇനിയും ഇതുപോലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു…
  ആശംസകളോടെ
  അനിത
  JunctionKerala.com

  Comment by Anitha — Saturday, July 10, 2010 @ 7:49 pm


RSS feed for comments on this post. TrackBack URI

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

Create a free website or blog at WordPress.com.

%d bloggers like this: