ആനക്കൂടന്‍

Thursday, March 27, 2008

എന്തേ, ഭയം തോന്നുന്നുണ്ടോ!

Filed under: Uncategorized — ആനക്കൂടന്‍ @ 7:44 pm

നിങ്ങള്‍ക്ക് ഭയം തോന്നിത്തുടങ്ങിയിട്ടുണ്ടോ?. തുറന്നു സംസാരിക്കാന്‍ വിമര്‍ശിക്കാന്‍. മണ്ണിനെ കുറിച്ച്, വായുവിനെ കുറിച്ച്, ജലത്തെ കുറിച്ച്… അല്‍പ്പമൊക്കെ ആകാം. പക്ഷെ, അതിരുകള്‍ കൂടുതല്‍ ലംഘിക്കാതിരിക്കുക. ടാറ്റമാര്‍, ബിര്‍ളമാര്‍, അംബാനിമാര്‍, ഫാരിസുമാര്‍, ഡസന്‍ കണക്കിനു മണ്ണു മാഫിയാതലവന്‍മാര്‍… എന്നിങ്ങനെ വിമര്‍ശനം കാടുകയറിയാല്‍ സൂക്ഷിക്കുക. ജയിലില്‍ ഉണ്ടന്‍ പൊരി അധികം അകലെ ആകില്ല. കാരണം നിങ്ങള്‍ നക്സലും മാവോയിസ്റ്റുമാകുന്നു.

വിര്‍ശിക്കുന്നവനെ നക്സലും മാവോയിസ്റ്റും ആക്കുന്ന അസഹിഷ്ണുതയും ഭീതിയും അധികാര കസേരകളെ ബാധിച്ചു കഴിഞ്ഞിരിക്കുന്നു. ചോദ്യം ചെയ്യലുകളെ അവര്‍ ഭയക്കുന്നു. തെറ്റുചെയ്യുന്നവന്റെ വികാരമാണത്. കര്‍ഷകനെ സ്നേഹിക്കാന്‍ ഒരുങ്ങിയിറങ്ങിയ ഭരണ നേതാവ് ഇന്ത്യയിലെ പാവപ്പെട്ടവനെ അറിയുന്നില്ല. കര്‍ഷകന്റെ ഭൂമി നക്കാപ്പിച്ചയ്ക്ക് പിടിച്ചെടുത്ത് കോര്‍പറേറ്റുകള്‍ക്ക് തീറു കൊടുക്കുന്നു. പേര് സെസ്.

കാര്യങ്ങള്‍ ഈ രീതിയില്‍ പോയാല്‍ പാര്‍ട്ടി പിരിച്ചു വിടേണ്ടി വരുമെന്ന് വിവരമുള്ളവര്‍ ബോധിപ്പിച്ചപ്പോള്‍ ചില സോപ്പുകള്‍ വില്‍പ്പനയ്ക്കെത്തി. കര്‍ഷക റാലിയില്‍ ഭരണചക്രം തിരിക്കുന്ന നേതാവ് കലപ്പ തലതിരിച്ചു പിടിച്ച് അഭിമാനിയായി നിന്നു. ലജ്ജാ‍കരമാണ് ആ ചിത്രം. കലപ്പ, കേവലം ഒരു പണിയായുധം മാത്രമല്ല നേതാക്കളെ ഈ നാട്ടിലെ കര്‍ഷകന്.

നക്സലിസവും മാവോയിസവും പല ഇസങ്ങളും എന്തുകൊണ്ട് വര്‍ദ്ധിക്കുന്നു എന്ന് ചര്‍ച്ച ചെയ്യാനല്ല മീ‍റ്റിംഗ്. അടുത്തവര്‍ഷം അതിനെ നേരിടാന്‍ എത്ര പൊലീസ് സേനയെ അധികം വേണം എന്നതാണ്. ഇത്ര വേണമെന്നു പറയാന്‍ “ലജ്ജ“യില്ലാതെ ഇടതന്മാരുടെ മന്ത്രിമാരുമുണ്ട്. പാവപ്പെട്ടവനൊപ്പം നിന്ന്, നമ്മള്‍ കൊയ്യും വയലെല്ലാം നമ്മുടെതാകും  പൈങ്കിളിയെ എന്നു പാതിരാ ക്ലാസുകള്‍ എടുത്ത്, വാരിക്കുന്തം എടുത്ത് പൊരുതിയ, രക്തസാക്ഷികള്‍ക്ക് സിന്ദാബാ‍ദ് വിളിക്കുന്ന ഇടതുപക്ഷമേ നീ കടന്നു വന്ന അതേ വഴികള്‍ തന്നെയാണ് വളര്‍ച്ചയ്ക്കായി അവരും തിരഞ്ഞെടുത്തിരിക്കുന്നത്.

അവര്‍ക്ക് ഇടം നിഷേധിച്ച് പാവപ്പെട്ടവനുവേണ്ടി ഒച്ചയുയര്‍ത്തേണ്ട നിങ്ങള്‍ എവിടെയാണ്. അധികാര ദാര്‍ഷ്ട്യവും പഞ്ചനക്ഷത്ര സംസ്കാരവും…

**    **     **
ടെലിവിഷനിലേക്ക് നോക്കൂ. വൈകുന്നേരമൊന്നു കൂടാന്‍ സൂപ്പര്‍സ്റ്റാര്‍ വിളിക്കുന്നു. എടുത്താല്‍ പൊങ്ങാത്ത തടിയും വച്ച് പതിനെട്ടുകാരിയുമായി മരം ചുറ്റുന്ന താരം എങ്ങനെ തടി കുറയ്ക്കാം എന്ന് ക്ലാസും എടുത്തു തരും. സ്വന്തം തടിയെ കുറിച്ചു സംശയുമുണ്ടെങ്കില്‍ ആരോഗ്യം മാസികയിലെ താരത്തിന്റെ കുറിപ്പ് മനപ്പാഠമാക്കാം.

വീടും ബന്ധങ്ങളെയും പറിച്ചെറിഞ്ഞ് ഇനി നമുക്ക് ഓഷ്യാനസിലും കോണ്‍ഫിഡന്റിലും പോയി താമസിക്കാം. എലിമിനേറ്റു ചെയ്യപ്പെടുന്നവനെ ഗ്ലിസറിനൊഴിച്ചു കരയിച്ച് പശ്ചാത്തലത്തില്‍ കണ്ണീര്‍പൂവിന്റെ പാട്ടും വച്ച് സ്ലോമോഷനില്‍ കാണിക്കുന്ന ദൃശ്യങ്ങള്‍ക്കൊത്ത് നമുക്കും കണ്ണ് തുടച്ചു കൊണ്ടിരിക്കാം.

ഐശ്വര്യ റായിയുടെ വിരല്‍ മൊട്ടുസൂചികൊണ്ടു മുറിഞ്ഞ് ചോരപൊടിഞ്ഞതാവണം ഒന്നാം പേജിലെ ലീഡ് എന്നാണ് പുതിയ ഉത്തരവുകള്‍. നന്ദിഗ്രാം. ആര്‍ക്കു വേണം ഹേ അതൊക്കെ. വായനക്കാരെ കൊതിപ്പിച്ചു ക്ലിക്കിക്കുന്നതാവണം വാര്‍ത്തകള്‍. ക്ലിക്കുകളാകുന്നു നമ്മുടെ ആപ്തവാക്യം. അതിലാകുന്നു നിന്റെ പ്രൊമോഷന്‍, ഇന്‍‌ക്രിമെന്റ്.

**    **     **
അയല്‍ക്കാരനെ കുറിച്ചുള്ള ആശങ്കകള്‍ പേറുന്നമലയാളി… നാട്ടില്‍ നാലു ദിവസം പോയി നിന്നാല്‍ നേരിടേണ്ടത് നൂറു ചോദ്യങ്ങളാകുന്നു.
പകര്‍പ്പവകാശ ലംഘന മുദ്രാവാക്യത്തിന്റെ ഒന്നാം വാര്‍ഷികാചരണം നടക്കുന്നുണ്ട് ഒരിടത്ത്. വ്യക്തിഹത്യയ്ക്ക് ഉപരിയായി എന്താണ് മാഡം നിങ്ങള്‍ ചര്‍ച്ച ചെയ്തത്. ചൂഷണം ചെയ്യുന്നവനെ തിരിച്ചു ചൂഷണം ചെയ്യുക തന്നെ വേണം. അതിനുള്ള ഒരു വിരല്‍ പോലും അനക്കപ്പെട്ടില്ല.

പരാതി ഉണ്ടെങ്കില്‍ ന്യൂയോര്‍ക്കിലും വാഷിങ്ടണിലും ടോക്കിയോയിലും ഉള്ള തങ്ങളുടെ ആസ്ഥാനങ്ങളിലെ തമ്പുരാക്കന്‍മാരുടെ അടുത്ത് പരാതിപ്പെടണം എന്ന് കോര്‍പറേറ്റുകള്‍ എഴുതി വച്ചിരിക്കുന്ന ഡിസ്ക്ലെയിമര്‍ തൊട്ട് അവര്‍ നടത്തുന്ന പല മനുഷ്യാവകാശ ലംഘനങ്ങളില്‍ ഒന്നിനെ എങ്കിലും തൊട്ടു തീണ്ടാന്‍ നിങ്ങള്‍ ഭയന്നു.

പകരം ലവന്റെ ജോലി പോയി, ദേ മറ്റവനു പ്രൊമോഷന്‍ കിട്ടി, ദാണ്ടെ അവന്‍ കരയുന്നു, കമ്പനി ദാ പൂട്ടി, കണ്ണീരുകണ്ട് ചിലര്‍ക്ക് രോമാഞ്ചം ഉണ്ടാകുന്നു. പിന്നൊരാള്‍ ഓടി നടന്ന് ഇത്തരം കണ്ണീര്‍ സ്വന്തം ബ്ലോഗില്‍ കൊണ്ടിട്ട് കുരവയിടുന്നു…

കോര്‍പറേറ്റിന്റെ ഇന്ത്യന്‍ കണ്ടന്റ് പ്രൊവൈഡര്‍ പ്രസ്തുത ലാഗ്വേജ് പോര്‍ട്ടലില്‍ പാചകക്കുറിപ്പ് എഴുതാനുള്ള അവകാശം നല്‍കാമെന്നും തക്കതായ പ്രതിഫലം നല്‍കാമെന്നും പറഞ്ഞപ്പോള്‍ കൂവിവിളിച്ചവര്‍, അതേ ലാഗ്വേജ് പോര്‍ട്ടലില്‍ പാചകത്തില്‍ ഒരു ഖേദപ്രകടനം നടത്തിയപ്പോള്‍ പിറ്റേന്ന് സമരം നിര്‍ത്തുന്നതായി പ്രഖ്യാപിക്കുന്നു. ആവേശത്തോടെ മുദ്രാവാക്യം വിളിച്ച ചിലര്‍ സംഭവം കഴിഞ്ഞപ്പോള്‍ ആക്ച്വലി എന്തായിരുന്നു സംഭവം എന്ന് ആത്മഗതം നടത്തുന്നു. മെയിലയയ്ക്കുന്നു…

സമരമായാല്‍ ഇങ്ങനെ വേണം. ഇതിനൊക്കെയാകുന്നു നാം വാര്‍ഷികം ആഘോഷിക്കേണ്ടത്. ലാല്‍ സലാം.
 

Advertisements
« Previous PageNext Page »

Create a free website or blog at WordPress.com.